സംസ്ഥാനത്ത് വഴിയോരത്തും വീടുകളിലെത്തിയുമുള്ള മത്സ്യവില്‍പന പൂര്‍ണമായും നിരോധിച്ചു


തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വഴിയോരത്തും വീടുകളിലെത്തിയുമുള്ള മത്സ്യവില്‍പന പൂര്‍ണമായും നിരോധിച്ചു. മത്സ്യലേലവും നിരോധിച്ചിട്ടുണ്ട്. രോഗ വ്യാപനം ശക്തമായ തിരുവനന്തപുരം ജില്ലയിലെ തീര മേഖലയില്‍ ഇന്നു മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്നു മേഖലകളാക്കി തിരിച്ചാണു ലോക്ഡൗണ്‍. ഇതിനായി പ്രത്യേക കണ്‍ട്രോള്‍ റൂമും തുറക്കും.

കൊവിഡ് രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയിലെ മത്സ്യവിപണന മാര്‍ക്കറ്റുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകും. തൊഴില്‍ നഷ്ടപ്പെട്ട പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉടന്‍ സര്‍ക്കാര്‍ വക സഹായധനം നല്‍കും.


മത്സ്യത്തൊഴിലാളികളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ തുടങ്ങിയതോടെയാണ് കര്‍ശന നടപടികളുമായി ജില്ലാഭരണകൂടം മുന്നോട്ട് പോകുന്നത്. ജില്ലയിലെ ചന്തകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം. ഇതനുസരിച്ച് ജില്ലയിലെ 93 മത്സ്യ ചന്തകള്‍ അടഞ്ഞ് കിടക്കും. മത്സ്യബന്ധനത്തിന് പോകുന്നതിനും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിടുണ്ട്. ചില നിബന്ധനകളോടെ മത്സ്യ ബന്ധനത്തിന് അനുമതി നല്‍കാന്‍ ജില്ലാഭരണകൂടത്തിന് ആലോചന ഉണ്ടായിരുന്നു. എന്നാല്‍ രോഗവ്യാപനത്തിന്റെ തോത് ഉയരാന്‍ തുടങ്ങിയതോടെ അനുമതി നല്‍കേണ്ട എന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.